
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശരത്കുമാർ ഇതുവരെ 176-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ' പൊന്നിയിൻ സെൽവൻ', 'പോർതൊഴിൽ', 'പരം പൊരുൾ' തുടങ്ങിയ സിനിമകളിൽ ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രങ്ങൾ മൂലം അദ്ദേഹത്തിന് തമിഴിൽ നല്ല സ്വീകരണം ലഭിച്ചു. ഇതിനെ തുടർന്ന് ശരത്കുമാർ നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിന് 'ടാക്സി' എന്നാണ് പേരിട്ടിരിക്കുന്നത് . ഇത് താരത്തിന്റെ 177-മത്തെ സിനിമയാണ്. ഒരു പക്കാ ആക്ഷൻ എൻ്റർടെയിനർ ചിത്രമായി രൂപം കൊള്ളുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ധനയാണ്. ശരത്കുമാർ നായകനായി അഭിനയിച്ച ‘വാനം കൊട്ടട്ടും’ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ധന. സംവിധായകൻ മണിരത്നത്തിനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് ധന. 'ടാക്സി' ചിത്രം നിർമ്മിക്കുന്നത് രാധിക ശരത്കുമാറാണ്. തമിഴിലെ പ്രശസ്ത എഴുത്തുകാരിൽ ഒരാളായ ജയമോഹൻ ആണ് ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഷൂട്ടിങ്ങ് ഉടനെത്തന്നെ തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കപ്പെടും എന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google










